ടൈറ്റാനിക് മ്യൂസിയത്തിലെ കാഴ്ച അവസാനിക്കുന്നത് ഐസ് ബര്‍ഗ് മുന്നറിയിപ്പുകളിലും ആ ദുരന്തത്തിലുമാണ്‌, Belfast, Titanic, Iceberg, shipwreck, largest ship
To advertise here, Contact Us



ടൈറ്റാനിക് മ്യൂസിയത്തിലെ കാഴ്ച അവസാനിക്കുന്നത് ഐസ് ബര്‍ഗ് മുന്നറിയിപ്പുകളിലും ആ ദുരന്തത്തിലുമാണ്‌


സജ്‌ന അലി

4 min read
Read later
Print
Share

ടൈറ്റാനിക് ദുരന്തം ഇന്നും വിങ്ങുന്നൊരു ഓര്‍മയാണ്. ആ കപ്പല്‍ പിറവികൊണ്ട ബെല്‍ഫെസ്റ്റ് നഗരത്തിലെ കാഴ്ചകളിലേക്ക്

ബെൽഫാസ്റ്റിലെ ടൈറ്റാനിക് മ്യൂസിയം / ഫോട്ടോ: Shutterstock

ഇവിടെവരെ വന്നിട്ട് ടൈറ്റാനിക്കിന്റെ നാട് കാണാതെ പോവുന്നതെങ്ങനെ?'സുഹൃത്ത് അഖില്‍ ഇങ്ങനെ പറഞ്ഞപ്പോഴാണ് ആദ്യമായി ബെല്‍ഫാസ്റ്റിനെക്കുറിച്ചറിയുന്നത്. ഇംഗ്ലണ്ടില്‍നിന്ന് തിരിച്ച് നാട്ടില്‍ പോകുംമുന്നേ ബെല്‍ഫാസ്റ്റ് കാണണമെന്ന് മനസ്സില്‍ കുറിച്ചിടുകയായിരുന്നു. അങ്ങനെയിരിക്കെ പകല്‍ദൈര്‍ഘ്യം കുറഞ്ഞ ശീതകാലമെത്തുന്നു, ക്രിസ്മസിന് കുറച്ച് അവധിദിവസവും. പല പല പ്ലാനുകള്‍ മനസ്സില്‍ വന്നു. അതവസാനം ബെല്‍ഫാസ്റ്റില്‍ ചെന്നുനിന്നു.

To advertise here, Contact Us

നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ഈ സമുദ്രതീരനഗരത്തിലേക്ക് ഇംഗ്ലണ്ടിലെ ഹാലിഫാക്‌സില്‍ താമസിക്കുന്ന ഞങ്ങള്‍ക്ക് വിസയുടെ ആവശ്യമില്ല. അരമണിക്കൂര്‍ വിമാനയാത്രയില്‍ അവിടെയെത്താന്‍ കഴിയും. ക്രിസ്മസിന് തലേദിവസം അങ്ങനെ ഹാലിഫാക്‌സില്‍നിന്ന് ട്രെയിന്‍ വഴി മാഞ്ചസ്റ്ററിലെത്തുന്നു. അവിടെനിന്ന് ഒരുമണിക്കൂര്‍ ട്രാമില്‍ എയര്‍പോര്‍ട്ടിലും. ബെല്‍ഫാസ്റ്റ് സിറ്റി എയര്‍പോര്‍ട്ടാണ് ഞങ്ങളുടെ ലക്ഷ്യം. ഒന്നരവയസ്സുള്ള അപ്പൂസ് അപ്പോഴേക്കും ഉറങ്ങിക്കഴിഞ്ഞിരുന്നു.

മ്യൂസിയത്തിന് പുറത്തുള്ള ബിഗ് ഫിഷ് പ്രതിമ

എയര്‍പോര്‍ട്ടില്‍നിന്ന് ടാക്‌സിയെടുത്ത് ബുക്കുചെയ്ത ഹോംസ്റ്റേയിലേക്ക്. ടാക്‌സിയില്‍നിന്ന് പുറത്തിറങ്ങിയ ഞങ്ങളെ വരവേറ്റത് ശക്തമായ കാറ്റാണ്. ശീതകാലത്ത് ഇത് പ്രതീക്ഷിക്കാമെങ്കിലും ഇത്രയും ശക്തമായത് ആദ്യമായാണ്. ഹോംസ്റ്റേയുടെ ചില്ലുജനാലയില്‍ക്കൂടി നോക്കുമ്പോള്‍ ബെല്‍ഫാസ്റ്റിന്റെ മനോഹര രാത്രിദൃശ്യം കാണാമായിരുന്നു.

ടൈറ്റാനിക് മ്യൂസിയമടക്കം എല്ലാം നടന്നുകാണാവുന്ന ദൂരത്തിലാണ്. പുറത്തുകടന്നപ്പോള്‍ത്തന്നെ അല്പം ദൂരെയായി ബിഗ് ഫിഷ് മത്സ്യപ്രതിമ കണ്‍മുന്നില്‍ തെളിഞ്ഞു. 10 മീറ്റര്‍ സെറാമിക് ടൈലില്‍ പണിതുയര്‍ത്തിയതാണിത്. 1999-ല്‍ സ്ഥാപിച്ച ഈ പ്രതിമയില്‍ ബെല്‍ഫാസ്റ്റിന്റെ ചരിത്രം കോറിയിട്ടിരിക്കുന്നത് കാണാം. ലാഗന്‍-ഫാര്‍സറ്റ് നദികളുടെ സംഗമസ്ഥാനത്താണ് ഈ മത്സ്യഭീമനെ സ്ഥാപിച്ചിരിക്കുന്നത്. ലാഗന്‍ നദിക്ക് കുറുകേയുള്ള പാലത്തിലൂടെ ഞങ്ങള്‍ ടൈറ്റാനിക് സ്‌ക്വയര്‍ ലക്ഷ്യമാക്കി നടന്നു. ഈ നടപ്പാതയിലുടനീളം ബെല്‍ഫാസ്റ്റിന്റെ ചരിത്രവും വര്‍ത്തമാനവും പലതരം കാഴ്ചകളായി മുന്നില്‍ തെളിയും.

ആദ്യകാഴ്ച സൗണ്ട് യാര്‍ഡായിരുന്നു. തുറമുഖനഗരമായ ബെല്‍ഫാസ്റ്റിന് അതിന്റെ ശബ്ദം പുനര്‍നിര്‍മിച്ചുകൊണ്ടുണ്ടാക്കിയ ഒരു അദ്ഭുതസൃഷ്ടിയാണ് സൗണ്ട് യാര്‍ഡ്. കാണാന്‍ പ്രത്യേകതകളൊന്നുംതന്നെയില്ലാത്ത കുറച്ചു ലോഹക്കുഴലുകള്‍ തൂങ്ങിയാടുന്ന ചെറിയ കെട്ടിടം. അദ്ഭുതം തുടങ്ങുന്നത് ഈ ലോഹക്കുഴലുകള്‍ക്കുതാഴെയായി നടക്കുമ്പോഴാണ്. ആ സമയം, മുകളിലെ ഓരോ കുഴലും അതിനോടുചേര്‍ന്നുള്ള വളയങ്ങളും ചലിച്ചുതുടങ്ങും.

Also Read

ഞാനും അനിയനും ഒരേപോലുള്ള ഡ്രസ്സും വാച്ചുമാണ് ...

സൗന്ദര്യ സഞ്ചരിച്ചിരുന്ന വിമാനം ഒരു തീഗോളമായി ...

സെറിബ്രൽ പാൾസിയെ അതിജീവിച്ച് ഇന്ത്യൻ സിവിൽ ...

ഹൃദയത്തിൽ പട്ടിനൊപ്പം പൈക്കൾക്കുമിടം, മഹാലക്ഷ്മി ...

ബോക്‌സിങ് ഡേ ആയതിനാല്‍ കടകളെല്ലാം അവധിയായിരുന്നു. അതില്‍ ഏറ്റവും സങ്കടകരം ടൈറ്റാനിക് മ്യൂസിയം തുറക്കില്ല എന്നോര്‍ത്തായിരുന്നു. അങ്ങനെ ആലോചിച്ചുനില്‍ക്കുമ്പോഴാണ് പിറകിലായി ഒരു ഗ്രൗണ്ട് കാണുന്നത്. ടൈറ്റാനിക്കിന് ജന്മം നല്‍കിയ സ്ലിപ്വേയാണിത്. ഇവിടെ അവധിയൊന്നും ബാധകമല്ല. ടൈറ്റാനിക്കിനൊപ്പം ഒളിമ്പിക് എന്ന കപ്പലും ഇതിനോടുചേര്‍ന്നാണ് നിര്‍മിക്കപ്പെട്ടത്. രണ്ടുകപ്പലിന്റെയും വലുപ്പത്തിനനുസരിച്ച് മാര്‍ക്കുചെയ്തിട്ടുണ്ട്. കപ്പലിനെ അതിന്റെ മുഴുവന്‍ വലുപ്പത്തില്‍ കാണണമെങ്കില്‍ ഏതെങ്കിലും ഉയരമുള്ള കെട്ടിടത്തില്‍നിന്ന് നോക്കണം. കപ്പലിന്റെ അടയാളങ്ങള്‍ക്കു നടുവിലായി ടൈറ്റാനിക് ദുരന്തത്തില്‍ മരിച്ചവരെയും രക്ഷപ്പെട്ടവരെയും കുറിച്ചുള്ള വിവരങ്ങള്‍ അടയാളപ്പെടുത്തിവെച്ചിരിക്കുന്നു. അല്പസമയം അവിടെ ചെലവഴിച്ച് ഞങ്ങള്‍ നേരേ ടൗണ്‍ സെന്ററിലേക്ക് നടന്നു.

ബെല്‍ഫാസ്റ്റ് തുറമുഖം

ബോക്‌സിങ് ഡേ ആയതുകൊണ്ട് മിക്ക കടകളിലും വന്‍ ഡിസ്‌കൗണ്ട് സെയില്‍ നടക്കുന്നുണ്ട്. അതിശയമെന്നുപറയട്ടെ, ഓരോ അഞ്ചുമിനിറ്റിലും ഒരു മലയാളിയെയെങ്കിലും ഇവിടെ കണ്ടുമുട്ടും. രാത്രിയില്‍ സിറ്റി ഹാള്‍ ദീപാലംകൃതമായിരുന്നു. ശീതകാലത്തെ ഇരുട്ടുമൂടിയ ദിനങ്ങള്‍ക്കുമേല്‍ ക്രിസ്മസും ഈ ദീപാലങ്കാരവും ഇല്ലായിരുന്നുവെങ്കില്‍ ഇവിടത്തെ ജനജീവിതം എത്രമാത്രം വിഷാദം നിറഞ്ഞതായേനെ. അടുത്തദിവസം ബെല്‍ഫാസ്റ്റ് മൃഗശാലയായിരുന്നു ലക്ഷ്യം. ശീതകാലമായതിനാല്‍ മഴ ഇടയ്ക്കിടെ വന്നും പോയുമിരുന്നു. അതുകൊണ്ടുതന്നെ അധികം സന്ദര്‍ശകരും ഇല്ലായിരുന്നു. ഒരു കുന്നിന്‍ചെരിവില്‍, 55 ഏക്കറില്‍, 120-ലധികം ഇനത്തില്‍പ്പെട്ട പക്ഷിമൃഗാദികളെ ഇവിടെകാണാം.

അടുത്തദിവസം ഹാരി പോട്ടര്‍ സിനിമകളില്‍ പ്രസിദ്ധമായ പല സ്ഥലങ്ങളും കണ്ട് പോകുന്ന ഒരു യാത്രാഗ്രൂപ്പിനൊപ്പമായിരുന്നു. അമ്പതോളം ആളുകള്‍ക്ക് യാത്രചെയ്യാന്‍ പറ്റുന്ന ഒരു ബസ്സില്‍ ആളുകള്‍ കയറിത്തുടങ്ങിയിരുന്നു. ആദ്യത്തെ സ്റ്റോപ്പ് കാരിക്‌ഫെര്‍ഗൂസ് കാസിലായിരുന്നു. ഒരുവശത്ത് പച്ചപ്പുനിറഞ്ഞ പുല്‍മേടുകളും മറുവശത്ത് നീലക്കടലും. ഡ്രൈവര്‍ മൈക്കിലൂടെ ഓരോ സ്ഥലവും പരിചയപ്പെടുത്തുന്നുണ്ടായിരുന്നു. ഹാരി പോട്ടര്‍ വായിച്ചിരുന്നില്ലെങ്കിലും ഈ സ്ഥലങ്ങളെല്ലാം അതിമനോഹരങ്ങളായി തോന്നി.

കാരിക്കെ റെഡ് എന്ന സ്ഥലത്തെത്തിയപ്പോള്‍ കാറ്റ് ശക്തിയായി വീശി. അടുത്ത സ്റ്റോപ്പ് ഡാര്‍ക്ക് ഹെഡ്ജസായിരുന്നു. ഇരുവശത്തും മരങ്ങളോടുകൂടിയ മനോഹരമായ ഒരു വഴി. അവസാന പോയിന്റായ ജയന്റ്സ് കോസ്വേ എത്തിയപ്പോഴേക്കും കാറ്റ് വീണ്ടും ശക്തിയാര്‍ജിച്ചിരുന്നു. 40,000-ലധികം കോബാള്‍ട്ട് കല്ലുകള്‍കൊണ്ട് നിര്‍മിച്ച ഒരു കടല്‍ത്തീരമാണ് ജയന്റ്സ് കോസ്വേ. പതിറ്റാണ്ടുകള്‍ക്കുമുന്‍പ് ഒരു അഗ്‌നിപര്‍വതസ്‌ഫോടനത്തിന്റെ ഭാഗമായുണ്ടായതാണ് ഈ കല്ലുകള്‍.

നാളെ ബെല്‍ഫാസ്റ്റിലെ അവസാനദിവസമാണ്. പുലര്‍ച്ചേതന്നെ പുറപ്പെട്ടു. ടൈറ്റാനിക് മ്യൂസിയംതന്നെയായിരുന്നു ലക്ഷ്യം. ആദ്യം പോയത് എസ്.എസ്. നൊമാഡിക് എന്ന ടെന്‍ഡര്‍ ഷിപ്പ് കാണാനാണ്. ടൈറ്റാനിക് മ്യൂസിയത്തിനോടുചേര്‍ന്നാണ് ഇത് നിര്‍മിച്ചിട്ടുള്ളത്. വൈറ്റ് സ്റ്റാര്‍ ലൈന്‍ എന്ന കപ്പല്‍ കമ്പനിയുടെ അവശേഷിക്കുന്ന ഒരേയൊരു കപ്പലാണിത്. ടൈറ്റാനിക്കിന്റെ കുഞ്ഞുപെങ്ങള്‍ എന്നും ഇതിനെ വിശേഷിപ്പിക്കുന്നു. ടെന്‍ഡര്‍ ഷിപ്പുകളുടെ ജോലി, യാത്രക്കാരെ വലിയ കപ്പലുകളിലേക്ക് തുറമുഖത്തുനിന്ന് എത്തിക്കുകയെന്നതാണ്. ടൈറ്റാനിക്കിലേക്ക് ഇരുനൂറോളം യാത്രക്കാരെ ഈ കപ്പലില്‍ എത്തിച്ചിരുന്നുവത്രേ.

ടൈറ്റാനിക് മ്യൂസിയത്തിനുമുന്നില്‍

19-ാം നൂറ്റാണ്ടില്‍ ആഡംബരക്കപ്പലുകള്‍ അധികമില്ലാതിരുന്ന കാലത്ത് ഹര്‍ലാന്‍ഡ് ആന്‍ഡ് വോള്‍ഫ് കമ്പനിയാണ് മൂന്നുവര്‍ഷംകൊണ്ട് ടൈറ്റാനിക്കിന്റെ പണിതീര്‍ത്തെടുക്കുന്നത്. രാജ്യത്തിന്റെ പലഭാഗത്തുനിന്നുള്ള ആയിരക്കണക്കിന് വരുന്ന തൊഴിലാളികളുടെ രാപകല്‍ നീളുന്ന കഠിനാധ്വാനമായിരുന്നു ടൈറ്റാനിക് എന്ന അദ്ഭുതം. ബെല്‍ഫാസ്റ്റിന്റെ രാപകലുകളില്‍ ആണികളും സ്‌ക്രൂകളും അടിച്ചുകയറ്റുന്ന ശബ്ദം കേള്‍ക്കാമായിരുന്നുവത്രേ! മ്യൂസിയത്തിലെ കാഴ്ചകളിലൂടെ മുന്നോട്ടുനീങ്ങുമ്പോള്‍ ആദ്യയാത്രയ്ക്ക് പുറപ്പെടാന്‍ തയ്യാറാവുന്ന ടൈറ്റാനിക്കിന്റെ വിശേഷണങ്ങള്‍ കാണാം. ആദ്യത്തെ ടിക്കറ്റ്, ആദ്യയാത്ര കാണാന്‍ വന്ന ആള്‍ക്കൂട്ടം... അങ്ങനെ പലതും ഇവിടെ രേഖപ്പെടുത്തിവെച്ചിട്ടുണ്ട്.

മ്യൂസിയത്തിലെ കാഴ്ച അവസാനിക്കുന്നത്, ടൈറ്റാനിക്കിലേക്ക് അവസാനമെത്തിയ ഐസ് ബെര്‍ഗ് മുന്നറിയിപ്പുകളിലും ശേഷമുണ്ടായ ദുരന്തത്തിലുമാണ്. അവിടെയെത്തുമ്പോള്‍ ഒരു വല്ലാത്ത മരവിപ്പുതോന്നും. നമുക്കുചുറ്റും ആരൊക്കെയോ വെള്ളത്തില്‍ വീണ് ശ്വാസം കിട്ടാന്‍ പാടുപെടുന്നതുപോലെ. മനസ്സ് തണുത്തുമരവിക്കുന്നതുപോലെ. ആവശ്യത്തിന് ലൈഫ് ബോട്ടുകള്‍ ഇല്ലാതിരുന്നതുമാത്രമല്ല ടൈറ്റാനിക് ദുരന്തത്തിന് കാരണമായി പറയുന്നത്. നിര്‍മാണത്തിലെ അപാകങ്ങള്‍, ഉപയോഗിച്ച മെറ്റീരിയലുകള്‍, വാട്ടര്‍ ടൈറ്റ് കംപാര്‍ട്‌മെന്റുകളില്‍ ഉപയോഗിച്ച വാതിലുകളുടെ ഗുണമേന്മക്കുറവ്, മുന്നറിയിപ്പുകാര്യങ്ങളുടെ പ്രാധാന്യം അര്‍ഹിക്കുന്ന രീതിയില്‍ കൊടുക്കാതിരുന്നത്... അങ്ങനെ പല പല കാരണങ്ങള്‍.

കാഴ്ചകള്‍ കണ്ടവസാനിക്കുമ്പോള്‍ ഹൃദയത്തിനുമേല്‍ കനം കൂടിവരുന്നപോലെ തോന്നും. ഇനിയും ഇതുപോലൊരു ദുരന്തം ആവര്‍ത്തിക്കാതിരിക്കട്ടെ. മ്യൂസിയത്തിനു പുറത്തെത്തിയതും ശക്തമായ കാറ്റും മഴയും ആരംഭിച്ചിരുന്നു. സുഹൃത്തായ അഖിലിന്റെ ഗ്ലാസ്ഗോയിലുള്ള വീടായിരുന്നു ലക്ഷ്യം. ടൈറ്റാനിക് വെള്ളത്തിലിറങ്ങിയ അതേ തുറമുഖത്തുനിന്ന് മറ്റൊരു കപ്പല്‍യാത്ര, അറ്റ്ലാന്റിക്കിലൂടെ. കാലാവസ്ഥയില്‍ ഞങ്ങള്‍ ആകുലരായിരുന്നു. അല്പനേരം വൈകിയാണെങ്കിലും ഞങ്ങളുടെ കപ്പല്‍ യാത്രപുറപ്പെട്ടു. അര്‍ധരാത്രിയിലെപ്പോഴോ മറുകര താണ്ടി.

Content Highlights: In belfast, birthplace of the ship, Titanic

Add Comment
Related Topics

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ruchiyorma

3 min

അമ്മച്ചിയുടെ മണ്‍കലത്തിലെ സാമ്പാര്‍, അമ്മയുടെ കോളിഫ്ളവർ സാമ്പാര്‍... പല വേഷമണിഞ്ഞ സാമ്പാര്‍ രുചികൾ

Mar 14, 2024


ruchiyorma

3 min

ഭക്ഷണം സ്വാദിഷ്ടമാകണം, പക്ഷേ നമ്മുടെ കണ്ണീര് കൊണ്ടല്ല സ്വാദ് കൂട്ടേണ്ടത്, അനുജത്തി തന്ന പാഠം

Apr 23, 2024


ruchiyorma

3 min

തെരളിയുടെ രുചിയും  മാങ്ങാണ്ടിപ്പായസവും ചേരുന്ന വിഷു ഓര്‍മകള്‍

Apr 14, 2024

To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us