പന്തിന് ‘സ്പെഷൽ ക്ലാസ്’; താരത്തോട് സംസാരിക്കുമെന്ന് പരിശീലകൻ ദ്രാവിഡ്! | Dravid, Pant | Manorama News
sections
MORE

പന്തിന് ‘സ്പെഷൽ ക്ലാസ്’; താരത്തോട് സംസാരിക്കുമെന്ന് പരിശീലകൻ ദ്രാവിഡ്!

pant-dravid
ഋഷഭ് പന്ത് ദ്രാവിഡിനൊപ്പം (ഫയൽ ചിത്രം)
SHARE

ജൊഹാനാസ്ബർഗ്∙ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ നിരുത്തരവാദിത്തപരമായ ബാറ്റിങ്ങിന്റെ പേരിൽ കടുത്ത വിമർശനത്തിനു വിധേയനായ യുവതാരം ഋഷഭ് പന്തുമായി പ്രത്യേകം സംസാരിക്കുമെന്ന് വ്യക്തമാക്കി പരിശീലകൻ രാഹുൽ ദ്രാവിഡ്. മത്സരം തോറ്റതിനു ശേഷം സംസാരിക്കുമ്പോഴാണ് ടീം മാനേജ്മെന്റ് പന്തുമായി സംസാരിക്കുമെന്ന് ദ്രാവിഡ് വ്യക്തമാക്കിയത്. മത്സരത്തിൽ ഒന്നാം ഇന്നിങ്സിൽ 17 റൺസെടുത്ത പന്ത്, രണ്ടാം ഇന്നിങ്സിൽ ഡക്കിനു പുറത്തായിരുന്നു. പന്തിന്റെ ബാറ്റിങ് ശൈലിക്കെതിരെ മുൻ താരം സുനിൽ ഗാവസ്കർ ഉൾപ്പെടെയുള്ളവർ പരസ്യമായി രംഗത്തെത്തിയ സാഹചര്യത്തിലാണ് ടീം മാനേജ്മെന്റ് ഇടപെടുമെന്ന ദ്രാവിഡിന്റെ പ്രസ്താവന.

കളത്തിലിറങ്ങുമ്പോൾ മുതൽ ആക്രമിച്ചു കളിക്കുന്നതിനു പകരം പിച്ചിന്റെ സ്വഭാവവും കളിയുടെ സാഹചര്യവും വിലയിരുത്തി കളിക്കാൻ സാധിക്കണമെന്ന് ദ്രാവിഡ് പന്തിനെ ഓർമിപ്പിച്ചു.

‘ഋഷഭ് പന്ത് എല്ലായ്പ്പോഴും തികച്ചും പോസിറ്റീവായി കളിക്കുന്ന താരമാണെന്ന് നമുക്കറിയാം. പ്രത്യേക രീതിയിലുള്ള അദ്ദേഹത്തിന്റെ ആ ശൈലി ചിലപ്പോഴെല്ലാം മികച്ച ഫലവും നൽകിയിട്ടുണ്ട്. പക്ഷേ, ഇക്കുറി തീർച്ചയായും അദ്ദേഹവുമായി ഇതേക്കുറിച്ച് സംസാരിക്കുന്നുണ്ട്’ – ദ്രാവിഡ് പറഞ്ഞു.

‘ആ ശൈലിയിൽ കളിക്കാനായി തിരഞ്ഞെടുക്കുന്ന സമയം മാത്രമാണ് പ്രശ്നമെന്നു തോന്നുന്നു. പോസിറ്റീവായി കളിക്കരുതെന്നോ ആക്രമിച്ച് കളിക്കരുതെന്നോ ആരും പന്തിനോടു പറയാൻ പോകുന്നില്ല. പക്ഷേ, എപ്പോഴാണ് ആക്രമിച്ച് കളിക്കേണ്ടതെന്നതു സംബന്ധിച്ചു മാത്രമാണ് സംശയം. ബാറ്റിങ്ങിനായി വരുമ്പോൾ പിച്ചും സാഹചര്യങ്ങളും മനസ്സിലാക്കാൻ അൽപസമയം ക്രീസിൽ ചെലവഴിക്കുന്നത് നല്ലതായിരിക്കുമെന്ന് തോന്നുന്നു’ – ദ്രാവിഡ് പറഞ്ഞു.

ഋഷഭ് പന്ത് ഇത്തരം അനുഭവങ്ങളിൽനിന്ന് പാഠം പഠിക്കുമെന്നും ഭാവിയിൽ മികച്ച താരമായി മാറുമെന്നും ദ്രാവിഡ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

‘നോക്കൂ, ഋഷഭ് പന്ത് നമ്മുടെ ടീമിലെ സുപ്രധാന താരമാണ്. വളരെ പോസിറ്റീവായി കളിക്കുന്ന താരം. മത്സരത്തിന്റെ ഗതി സ്വാഭാവികമായ രീതിയിൽ നിമിഷങ്ങൾക്കുള്ളിൽ മാറ്റാൻ കെൽപ്പുള്ള താരമാണ് അദ്ദേഹം. അദ്ദേഹത്തിന്റെ അത്തരം കഴിവുകൾ എടുത്തു മാറ്റാനോ വ്യത്യസ്തമായ ശൈലിയിൽ കളിക്കാനോ ആരും ആവശ്യപ്പെടില്ല. അദ്ദേഹം ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണ്. ഭാവിയിൽ കൂടുതൽ നല്ലൊരു താരമായി മാറുമെന്ന് തീർച്ച’ – ദ്രാവിഡ് പറഞ്ഞു.

English Summary: Rahul Dravid on Rishabh Pant's reckless batting in 2nd Test vs South Africa

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എനിക്കുള്ള ധൈര്യം ഇവിടുത്തെ പഴയ പ്രൊഡ്യൂസേഴ്‌സിനു പോലുമില്ല | Sandra Thomas Interview | She Talks |

MORE VIDEOS