ADVERTISEMENT

പത്താം ക്ലാസ് സിബിഎസ്ഇ പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച് ബോളിവുഡ് ബാലനടി ഹർഷാലി മൽഹോത്ര. സിബിഎസ്ഇ പത്താം ക്ലാസ് ബോർഡ് പരീക്ഷയിൽ 83 ശതമാനം മാർക്കാണ് ഹർഷാലി നേടിയത്. സോഷ്യൽ മീഡിയയിലൂടെ തന്നെ വിമർശിക്കുന്നവർക്ക് മറുപടിയാണ് തന്റെ വിജയമെന്ന് ഹർഷാലി പറയുന്നു.

‘‘എന്നെ വെറുക്കുന്ന എല്ലാവരോടും ഞാൻ നന്ദി പറയാൻ ആഗ്രഹിക്കുന്നു. കാരണം കഥക് ക്ലാസും ഷൂട്ടിങ്ങും പഠനവുമെല്ലാം ഒരുപോലെ കൊണ്ടുപോകാൻ ‌‌എനിക്ക് കഴിഞ്ഞു. പരീക്ഷയിൽ 83 ശതമാനം മാർക്ക് നേടാനായി. എന്നെ വിശ്വസിക്കുകയും അകമഴിഞ്ഞ് പിന്തുണയ്ക്കുകയും ചെയ്തവരോട് നന്ദി.’’–ഇൻസ്റ്റഗ്രാം വിഡിയോയിലൂടെ ഹർഷാലി പറയുന്നു.

ഹര്‍ഷാലിയുടെ റീൽ വിഡിയോയ്ക്കും ഫോട്ടോഷൂട്ട് ചിത്രങ്ങൾക്കും വലിയ വിമർശനങ്ങളാണ് സമൂഹ മാധ്യമങ്ങളിലൂടെ നേരിടേണ്ടി വന്നിരുന്നത്. നിങ്ങൾ സ്‌കൂളിൽ പോകാറുണ്ടോ?, ഇത് നിങ്ങളുടെ പത്താം ക്ലാസാണ് പഠിക്കുക, ഉഴപ്പ് മാത്രം, അല്ലെങ്കിൽ തോറ്റുപോകും തുടങ്ങിയ തരത്തിലുള്ള ആളുകളുടെ പരിഹാസ ചോദ്യങ്ങളുടെ സ്ക്രീൻ ഷോട്ടും ഹർഷാലി വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം ഉന്നത വിജയം നേടിയതിന് താരത്തെ അഭിനന്ദിച്ച് നിരവധി പേരാണ് രം​ഗത്തെത്തിയിരിക്കുന്നത്.

നടി എന്നതിലുപരി കഥക് നർത്തകി കൂടിയാണ് ഹർഷാലി. ഇടയ്ക്ക് തന്റെ ഡാൻസ് വിഡിയോകളും താരം ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം സഞ്ജയ് ലീല ബൻസാലിയുടെ ഹീരമണ്ഡി എന്ന വെബ് സീരിസിലെ ഒരു രം​ഗം ഹർഷാലി ഒരു വിഡിയോയിലൂടെ അവതരിപ്പിച്ചിരുന്നു. നിരവധി പേരാണ് ഹർഷാലിയെ പ്രശംസിച്ച് രംഗത്തെത്തിയത്.

സൽമാൻ ഖാൻ ചിത്രമായ ബജ്റംഗി ഭായ്ജാനില്‍ അഭിനയിക്കുമ്പോള്‍ ഏഴ് വയസായിരുന്നു ഹര്‍ഷാലിയ്ക്ക്. ചിത്രത്തിലെ പ്രകടനത്തിന് ഹര്‍ഷാലിയെ തേടി നിരവധി പുരസ്കാരങ്ങളുമെത്തിയിരുന്നു. ചിത്രത്തിനായി 8000 കുട്ടികളെയായിരുന്നു ഓഡിഷന്‍ നടത്തിയത്. ഇതില്‍ നിന്നുമാണ് ഹര്‍ഷാലിയെ തിരഞ്ഞെടുത്തത്. 2015ലായിരുന്നു ബജ്റംഗി ഭായ്ജാന്‍ തിയറ്ററുകളിലെത്തിയത്. നവാസുദ്ദീന്‍ സിദ്ദീഖിയും ചിത്രത്തില്‍ സല്‍മാനൊപ്പം വേഷമിട്ടിരുന്നു. വന്‍ വിജയമായി മാറിയ ചിത്രത്തില്‍  കരീന കപൂര്‍ ആയിരുന്നു നായിക.

English Summary:

Bajrangi Bhaijaan's Harshaali announces her Class 10 result

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com